വൃക്ഷം

അതിരാവിലെ ജോലിക്കു പോകുമ്പോൾ പലപ്പോഴും കാണുന്ന ഒരു കാഴ്ചയാണ് ആളുകൾ മരങ്ങളെ തൊഴുന്നതും മരത്തിനു ചുറ്റും നൂല് കെട്ടുന്നതുമൊക്കെ. ഒന്നും രണ്ടും സ്ഥലങ്ങളിൽ ഒന്നും അല്ല. ഈ ബാംഗ്ലൂർ നഗരത്തിലെ പല ഇടങ്ങളിലും കാണാം ഇത്. കേരളത്തിൽ പൊതുവെ അമ്പലങ്ങളിൽ മാത്രമേ ഈ കാഴ്ച കാണാറുള്ളൂ. പല തരം മരങ്ങൾ. ചെറുതും വലുതുമായവ. ചിലതിന്റെ കീഴെ ചെറിയ വിഗ്രഹങ്ങൾ ഉണ്ടാവും, ചിലപ്പോൾ അവയ്‌ക്കൊരു കൊച്ചു മേൽക്കൂരയും. ചിലപ്പോൾ ഒരു ശൂലമോ അല്ലെങ്കിൽ അത് പോലെ ഒരു ആയുധമോ ആവാം വിഗ്രഹത്തിനു പകരം. ചില മരങ്ങളുടെ അടിയിൽ മഞ്ഞൾ പൊടി ആണെന്ന് തോന്നുന്നു, മഞ്ഞ നിറം കാണാം. ചിലതിൽ ചുവന്ന കുങ്കുമവും, ചിലയിടത്തു രണ്ടും. വിഗ്രഹങ്ങൾ കൂടുതലും നാഗദൈവങ്ങളുടേതു ആയിരിക്കും. അല്ലാതെയും കാണാം. ഇത്തരത്തിൽ ഒരു മരം ഞങ്ങളുടെ ക്യാമ്പസിലും ഉണ്ട്. അവിടെയും വിളക്ക് വെക്കുന്നതും മഞ്ഞൾ പൊടി ഇടുന്നതും കണ്ടിട്ടുണ്ട്. ക്യാമ്പസ് പല മാറ്റങ്ങൾക്കും വിധേയമായി. പക്ഷെ ആ മരവും ആ വിളക്ക് തറയും ഇന്നും അവിടെ ഉണ്ട്. പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ നഗരം വളരുമ്പോഴും ഈ വൃക്ഷങ്ങൾ ഒന്നും നശിക്കപ്പെടുന്നില്ല. പലതും കെട്ടിടങ്ങൾക്കു ഇടയിലും, റോഡിനു നടുവിലും ഒക്കെ ആയി നിവർന്നു നിൽക്കുകയാണ്, ചുറ്റുമുള്ള മാറ്റങ്ങളെ അറിഞ്ഞു കൊണ്ട്….

ഒരു പക്ഷെ, ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആരാധന തുടങ്ങുന്നതിനു മുന്നേ നമ്മൾ ഭാരതീയർക്ക് പരിചയം ഉണ്ടായിരുന്നു ഒരു ആരാധനാരീതി ആയിരിക്കണം ഇത്. എല്ലാ പുരാതന സംസ്കൃതികളിലും പ്രകൃതി ആരാധന ഉണ്ടായിരുന്നു. കാലക്രമേണ ഒട്ടു മിക്കവാറും എല്ലാവര്ക്കും അത് കൈമോശം വന്നു പോയി. അല്ലെങ്കിൽ ആരാധന സംഘടിത മതങ്ങളുടെ കൈകളിൽ എത്തിയപ്പോ ‘മനുഷ്യന്’ പ്രകൃതിയെക്കാൾ പ്രാമുഖ്യം വന്നു പോയി. ഇവിടെ ഭാരതത്തിൽ അത് സംഭവിച്ചില്ല. മതം അത്ര സംഘടിതം അല്ലാത്തത് കൊണ്ടാവാം. അതെന്തോ ആവട്ടെ, ഒരുപാട് മരങ്ങൾ നശിക്കാതെ നില്ക്കാൻ ഒരു കാരണം ഈ ഒരു സംസ്കാരം തന്നെ ആണെന്നുറപ്പിച്ചു പറയാം.

കഴിഞ്ഞ വർഷമാണ് രാജസ്ഥാൻ വരെ പോയത്. പടിഞ്ഞാറോട്ടു പോകും തോറും പച്ചപ്പു നിലച്ചു പോകുന്ന മരുഭൂമി. ഖെജ്‌രി എന്നൊരു മരം ഉണ്ടവിടെ, അവിടെ കൂടുതലാണെന്നേ ഉള്ളൂ. മലയാളത്തിൽ ‘വന്നി’ എന്ന് പറയും. മരുഭൂമിയിലെ ചൂടിനേയും തീവ്രമായ തണുപ്പിനെയും പ്രതിരോധിച്ചു വളരുന്ന വൃക്ഷം. നമുക്ക് തെങ്ങു പോലെ അവരുടെ കല്പവൃക്ഷം ആണിത്. രാമനും പാണ്ഡവരും ഒക്കെ പൂജിച്ചിരുന്നു എന്ന് പറയപ്പെടുന്ന വൃക്ഷം. ബിഷ്‌ണോയി വംശക്കാർ ഇന്നും ഇതിനെ പൂജിക്കും. 1730ൽ ഈ മരങ്ങളെ സംരക്ഷിക്കാൻ വേണ്ടി 363 ബിഷ്‌ണോയികൾ കൊല്ലപ്പെട്ടിരുന്നു. അതാണ് പിന്നീട് ചിപ്‌കോ പ്രസ്ഥാനം പോലുള്ളവർക്ക് ഊർജമായതും. ഖേജ്‌രി പൂജ ഇന്നും ഉണ്ടവിടെ. തമിഴ്‌നാട്ടിലെ മകുടീശ്വര ക്ഷേത്രത്തിലെ വലിയ ‘വന്നി’ മരം പ്രസിദ്ധമാണ്. അതിൽ ബ്രഹ്‌മാവിന്റെ ചൈതന്യം ഉണ്ടെന്നാണ് വിശ്വാസം. അജ്ഞാതവാസക്കാലം കഴിഞ്ഞു പാണ്ഡവർ തിരിച്ചു വരുന്ന വഴി ആയുധങ്ങൾ തിരിച്ചെടുക്കുന്നതും വേറൊരു ഖെജ്‌രി മരത്തിന്റെ കീഴിൽ നിന്നാണ് പോലും.

മരുഭൂമിയിൽ നിന്ന് പിന്നെയും പടിഞ്ഞാറോട്ട് പോയാൽ നമ്മൾ പുരാതന ഹാരപ്പായിലെ താഴ്വരകളിൽ എത്തും. ഒരു നാലായിരത്തി അഞ്ഞൂറു വർഷം പുറകോട്ടും പോവാം. അവിടുന്നു കിട്ടിയ  നാണങ്ങളിൽ അന്നത്തെ ചെടികളെ കാണാം. രണ്ടായിരം വർഷങ്ങൾക്കിപ്പുറം മധ്യ ഭാരതത്തിൽ – ഉജ്ജയിനിയിലും – മറ്റും നിന്നും കിട്ടിയ നാണയങ്ങളിലും ഉണ്ടായിരുന്നു ഈ വിശുദ്ധ വൃക്ഷ ആലേഖനങ്ങൾ. ഇത് ഒരു സാംസ്കാരിക തുടർച്ചയാണ്. ഭാരതം എന്ന പേരിൽ ഉൾക്കൊണ്ടിരിക്കുന്ന ഭൂവിഭാഗങ്ങളുടെ സത്വമാണ് ഈ സംസൃതി. വർത്തമാനകാലത്തിൽ, പല മതങ്ങളുടെയും പല രാജ്യങ്ങളുടെയും അതിർത്തിക്കുളിൽ പെട്ട് പോയ സംസ്കൃതി.  

മഹാഭാരതം പറയുന്നത്, ഒരു ഗ്രാമത്തിലെ ഏറ്റവും വലിയതും നിറയെ ഇലകളും പൂക്കളും പഴങ്ങളും ഉള്ളതുമായ മരത്തെ ഗ്രാമവാസികൾ ആരാധിച്ചിരുന്നു എന്നാണ്. ചൈത്യ വൃക്ഷം എന്നാണ് ഇതു അറിയപ്പെട്ടിരുന്നായത്‌. അത് പോലെ യക്ഷന്മാർ താമസിച്ചിരുന്നെന്നു കരുതുന്ന ബോധി ഗൃഹങ്ങൾ, അവയും മരങ്ങൾ ആയിരുന്നു. ബുദ്ധൻറെ കാലത്തു വൃക്ഷദേവതകൾക്കു ബലി കൊടുക്കുന്ന ആചാരം ഉണ്ടായിരുന്നു. എന്തിന്,ശ്രീബുദ്ധൻ തന്നെ ഒരു വൃക്ഷ ദേവത ആണെന്ന് കരുതിയിരുന്നു എന്ന് ജാതക കഥകളിലുണ്ട് –  സാലവൃക്ഷത്തിൽ നിന്ന് പുറത്ത് വന്ന ദേവനെ പോലെ തോന്നി ബുദ്ധനെ കണ്ടപ്പോൾ. കഥകളിലെ ആശ്രമങ്ങളെ പോലെ ബുദ്ധ വിഹാരങ്ങളും മരങ്ങളും ചെടികളും നിറഞ്ഞതായിരുന്നു. ആ കൂട്ടത്തിൽ നമുക്കിന്നു ബാക്കി കാവുകൾ മാത്രം.

വനവാസികളിൽ ആവണം ഈ തുടർച്ച ഭംഗം ഒട്ടും തന്നെ ഇല്ലാതെ ഇന്നും കാണുന്നത്. അവരും പ്രാചീന കാലം തൊട്ട് മരങ്ങളെ ആരാധിക്കുന്നവരാണ്. ശരൺ ധർമം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. പല ഗോത്ര വർഗ്ഗ നൃത്തങ്ങളും വൃക്ഷങ്ങളെ ചുറ്റിയാണ് ചെയ്യുന്നത്. വൃക്ഷത്തെ പട്ടുടുപിച്ച് പൂജിക്കുന്ന ആചാരങ്ങളൊക്കെ ഇന്നും കാണാം ഇവർക്കിടയിൽ.

നമുക്കൊക്കെ അറിയാവുന്ന അരയാൽ, പേരാൽ, കൂവളം, അശോകം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് നെല്ലി മരം. ആംല ഏകാദശി എന്നൊന്നുണ്ട് പല വിധ ഏകാദശികൾക്കിടയിൽ. വിഷ്ണു ഭഗവാൻ നെല്ലി മരത്തിൽ കുടി കൊള്ളുന്നുണ്ടെന്നാണ് വിശ്വാസം. ഈ ദിവസം നെല്ലി മരത്തിൽ വിഷ്ണു പൂജ നടത്തിയാൽ വരും ജന്മങ്ങളിൽ കൂടി ഫലം കിട്ടും എന്നാണ്.

കഴിഞ്ഞ മാസമാണ് കർണാടക ആന്ധ്ര അതിർത്തിയിൽ ഉള്ള വിദുരാശ്വത്ഥ എന്ന സ്ഥലം സന്ദശരിക്കാനിടയായായത്‌. യുദ്ധാനന്തരം ഭഗവാൻ കൃഷ്ണന്റെ ഉപദേശപ്രകാരം വിദുരർ മോക്ഷം തേടി തീർത്ഥാടനത്തിനിറങ്ങുകയും, ആ യാത്രയിൽ മൈത്രേയമഹര്ഷിയുടെ ആശ്രമത്തിൽ എത്തിയ വിദുരർക്ക് സൂര്യ വന്ദനം നടത്തുമ്പോൾ ഒരു അരയാൽ മരത്തിന്റെ തൈ കിട്ടാനിടയായാവുകയും ചെയ്തു. മഹർഷിയുടെ ഉപദേശപ്രകാരം വിദുരർ ആ തൈ നട്ടു ആരാധിക്കുകയും ശേഷം മോക്ഷം കിട്ടുകയും ചെയ്തു എന്നാണ് കഥ. എന്തായാലും ആ മരം നൂറ്റാണ്ടുകൾ കടന്നു ഈ അടുത്ത കാലം വരെ നില നിന്നിരുന്നു എന്നതാണ് സത്യം. ഈ അടുത്ത് കടപുഴകിയ ആ വന്മരത്തിന്റെ തടി ഇപ്പോഴും അവിടെ കാണാം. നാഗ പ്രതിഷ്ഠകൾക്ക് പ്രസിദ്ധമാണിവിടം. അശ്വഥാ എന്നാണ് അരയാലിനു സംസ്കൃതത്തിൽ പറയുന്നത്. ശ്വ എന്ന് വെച്ചാൽ നാളെ. ത്ഥ എന്ന് വെച്ചാൽ നില നിൽക്കുന്നത്. അ ശ്വ ത്ഥ എന്നാൽ നാളെ ഇന്നത്തെ പോലെ അല്ലാത്തത്, അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്നത്. അതായത് ഈ പ്രപഞ്ചം. ശങ്കരാചാര്യർ ഈ പ്രപഞ്ചത്തെ മുഴുവൻ കണ്ടത് ഈ അശ്വത്ഥ വൃക്ഷത്തിലാണ്.

പത്തു പുത്രന്മാർക്കു തുല്യം ആണ് ഒരു മരം എന്നാണ് മൊഴി. ബന്ധുക്കൾ ഒക്കെ നമ്മെ വിട്ടു പോയാലും ദീർഘായുസ്സുള്ള വടവൃക്ഷങ്ങൾ നമ്മെ വിട്ടു എവിടെയും പോവില്ല, നമ്മൾ മരത്തെ വിട്ടു പോയാലല്ലാതെ. പടി കടന്നു വന്ന സംസ്കാരങ്ങളും മതങ്ങളും ഈ മരങ്ങളുടെ കടക്കൽ മിഴി വെക്കില്ലെന്നു പ്രത്യാശിക്കാനേ നമുക്കിന്നു കഴിയുള്ളൂ. ഈ കഴിഞ്ഞ വർഷമാണ്, ഹിന്ദു ആചാരങ്ങളെ കളിയാക്കിക്കൊണ്ടു ദില്ലിയിലെ ഒരു കോളേജിൽ വൃക്ഷ പൂജ എന്ന പേരിൽ പേക്കൂത്തുകൾ അരങ്ങേറിയത്. അവർക്കതു വെറുമൊരു തമാശ മാത്രം. അത് പുറം ലോകത്തിനു വരച്ചു കാണിച്ചു കൊടുക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ ചിത്രം അവർക്കറിയില്ല. ക്ഷമ ചോദിച്ചു കൊണ്ട് മാത്രമേ ഞങ്ങൾ കാവുകളിലെ മരങ്ങളെ മുറിച്ചിരുന്നുള്ളൂ. മരങ്ങൾ നിങ്ങളോടും ക്ഷമിക്കട്ടെ.

ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽകണിയിൽ നിന്നാൽ കുറച്ചകലെയായി ഒരു ചെറിയ ഹനുമാൻ അമ്പലവും അതിന്റെ മതിൽക്കെട്ടിനു പുറത്തു ഒരു മരവും കാണാം. അത്ര വലുതൊന്നും അല്ല ആ മരം. അമ്പലത്തിൽ തൊഴുതു മടങ്ങുന്നവർ ഈ മരച്ചുവട്ടിലെത്തി നമസ്കരിക്കുന്നതും ഞാൻ ഇടക്കൊക്കെ കാണാറുണ്ട്. പിന്നീടെപ്പോഴോ അമ്പലത്തിനു ചുറ്റിലും കെട്ടിടങ്ങൾ ഉയർത്തപ്പെട്ടു. ഒരുപാട് മരങ്ങൾ മുറിച്ചു മാറ്റി. നിറയെ തത്തകൾ വന്നിരുന്ന ഒരു മരം ഉണ്ടായിരുന്നു ആ കൂട്ടത്തിൽ, അതും പോയി. എനിക്കിപ്പോൾ അമ്പലവും മരവും ഒന്നും കാണാനാവുന്നില്ല, ഈ ബാൽകണിയിൽ ഇരുന്നാൽ. ഈയടുത്തു ഞാൻ ആ വഴിക്കൊന്നു നടക്കാനിറങ്ങി. പുതിയ കെട്ടിടത്തിനും അമ്പല മതിലിനും ഇടയിൽ ആ പഴയ മരം മാത്രം ഒറ്റയ്ക്ക് നിൽക്കുന്നു. നമസ്കരിക്കേണ്ടുന്നവർക്കു നടന്നു പോകാൻ ഇടുങ്ങിയ ഒരു വഴിയും. ഇത് മാത്രമാണ് നമ്മുടെ വിശ്വാസങ്ങൾക്ക് പ്രകൃതിയോട് ചെയ്യാൻ കഴിയുന്നത്. അത് ചെയ്തു കൊണ്ടേ ഇരിക്കട്ടെ…

കുടയേന്തിയ കര്‍ഷകന്‍ …

 

ഇന്ത്യയുടെ കാര്‍ഷിക ഗ്രാമങ്ങളുടെ നിലനില്‍പ്പ് തന്നെ മഴയെ ആശ്രയിച്ചാണ്. ഒരു മഴക്കാലത്തിനെ മനസ്സില്‍ കണ്ടു കൊണ്ടു പ്ലാന്‍ ചെയ്തുണ്ടാക്കിയതാണ്  ഇവിടെ കൃഷി. പ്രശ്നം എന്താണെന്ന് വെച്ചാല്‍, ഈ ഒരു മഴ ഒന്ന് കുറഞ്ഞു പോയാലോ അതോ കൂടിപ്പോയാലോ എല്ലാം തകിടം മറിയും. പിന്നെ ഭക്ഷ്യ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങള്‍ ആയി മാറും മഴയുടെ അസ്വാഭാവികത….

കര്‍ണാടകയുടെ നടുക്കുള്ള ഏതോ ഒരു ഗ്രാമത്തില്‍  നിന്നെടുത്ത ഒരു വൈകുന്നേര ചിത്രം.  ചുറ്റിലും പാടങ്ങള്‍. ജനവാസം അകലെ  ജനപഥങ്ങളില്‍, കാലികളോടൊപ്പം…

 

 

 

 

 

 

മഴ … ഒരു നഗരക്കാഴ്ച….

ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ മഴ ഒരു ശല്യം തന്നെ. പെയ്താല്‍ പിന്നെ വഴിയൊക്കെ വൃത്തികേടാവും. നാട്ടിലെ പോലെ ചവുട്ടി നടന്നു പിന്നെ ഒഴുക്കുവെള്ളത്തില്‍ കഴുകിക്കളയാന്‍ പറ്റില്ല ഇവിടെ. എല്ലാ വൃത്തികേടുകളും ഒഴുകി വരുന്നുണ്ടാവും.

ഒരിക്കല്‍ മാത്രമേ ബാംഗ്ലൂരില്‍ മഴ നനഞ്ഞു കുളിച്ചു നടക്കേണ്ടി വന്നിട്ടുള്ളൂ.. അന്നവിടെ റെക്കോര്‍ഡ്‌ മഴയായിരുന്നു. മിനുട്ടുകള്‍ക്കകം റോഡ്‌ ഒക്കെ വെള്ളത്തിലായി. പിന്നെ പോക്കറ്റില്‍ ഉള്ളതൊക്കെ കൈ കൊണ്ടു മൂടി ഒറ്റ നടത്തം. ബാഗ്‌ എടുത്തു ഓഫീസില്‍ പോകുന്ന ശീലം ഇല്ലാത്തത് ഉപകാരമായി.  വീട്ടിലെത്തുമ്പോഴേക്കും സുമിത്തും ഇതേ അവസ്ഥയില്‍ അവിടെ…

ഒരു മഴയ്ക്ക്‌ മുന്നേ electronic city യിലേക്കുള്ള ഹൈ വെ യില്‍ നിന്നെടുത്ത ചിത്രം… ബംഗ്ലൂരിലെ ഗ്രാമങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം….

വയനാടന്‍ മഴ..

മഴക്കാലത്തിന്‍റെ ഭീകരമായ മുഖം മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ട്. കൊടുംകാറ്റില്‍ ആടിയുലയുന്ന തെങ്ങുകളും കവുങ്ങുകളും കണ്ടാല്‍ ഇപ്പോള്‍ താഴെ വീഴും എന്ന് തോന്നും. കൂടെ ചിലപ്പോ ഇടിമിന്നലും പശ്ചാത്തലത്തില്‍  ഇരുണ്ട ആകാശവും…

ഇതിനെയൊക്കെ വെല്ലുന്ന മഴക്കാലഭീകരതയാണ് മീന്‍മുട്ടിയിലെ വെള്ളച്ചാട്ടം കാണിച്ചു തന്നത്. വാക്കുകള്‍ക്കോ ചിത്രങ്ങള്‍ക്കോ പറഞ്ഞു തരാനോ കാണിച്ചു തരാനോ പറ്റാത്ത അത്രയും ശക്തിയില്‍ ആണ് വെള്ളം താഴേക്കു വീഴുന്നത്. മൂന്നു തട്ടുകളായുള്ള വെള്ളച്ചാട്ടം. എല്ലാം ഒന്നിനൊന്നു മെച്ചം – ഭീകരതയില്‍.  എങ്ങാനും വഴുതി വീണാല്‍ പിന്നെ ഒന്നും നോക്കാനില്ല.  ആന പോലും ഒളിച്ചു പോകുന്നത്ര ശക്തിയിലാണ് വെള്ളം. പാറമടക്കുകളില്‍ തട്ടി ചിതറുന്ന വെള്ളത്തുള്ളികള്‍ കാരണം ക്യാമറ തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അവിടെ നിന്ന് തിരിച്ചു കയറി വരുമ്പോള്‍ എടുത്ത ചിത്രം. അനീഷ്‌ ആണ് മോഡല്‍…. പുറകില്‍ പുക പോലെ കാണുന്നത് വെള്ളത്തുള്ളികള്‍ …